കൽപ്പറ്റ: ആ 47 പേർ എവിടെയാകും? മുണ്ടക്കൈയെയും ചുരൽമലയെയും കശക്കിയെറിഞ്ഞ ഉരുൾപൊട്ടൽ മഹാദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് രണ്ടുമാസം തികയുമ്പോഴും തിരിച്ചു വരാത്ത, കണ്ടെത്താനാകാത്ത 47 പേരേ കുറിച്ചുള്ള വിഹ്വലതയിലാണ് വയനാട്. സർക്കാരും ആ കണക്ക് നോക്കി നെടുവീർപ്പിടുകയാണ്. തിരിച്ചറിയാവുന്ന 47 പേരേപ്പറ്റി മാത്രമാണ് കണക്കുള്ളത്. തിരിച്ചറിയപ്പെടാത്തവരുണ്ടോ ഇല്ലയോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
വാടക വീടുകളിൽ തുടരുന്ന ദുരന്തബാധിതർ പതിയെ അതിജീവിച്ചുവരികയാണ് എങ്കിലും . പഴയ നാട് ഒരു കണ്ണീർ സ്വപ്നമായിരിക്കുന്നു. പുനർനിർമാണം എങ്ങനെയെന്നറിയാനുംക്കപ്പെടുന്നത് കാത്തുനിൽക്കുകയാണ് ജനങ്ങൾ.
മൂന്നു നാടുകളാണ് മണ്ണിനടിയിലായത്. ഔദ്യോഗിക കണക്കു പ്രകാരം 47 പേരെ കണ്ടെത്താനുണ്ട്. ഒടുവിലത്തെ സർക്കാർ കണക്ക് പ്രകാരം മരണനിരക്ക് 231 ആണ്. ഔദ്യോഗികമായി തിരച്ചിൽ അവസാനിച്ചിട്ടില്ലെങ്കിലും നിലവിൽ കാര്യമായ തിരച്ചിലൊന്നും നടക്കുന്നില്ല. തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും എല്ലായിടത്തും ഒരു നിർവ്വികാരതയാണ്.
മൂന്നു വാർഡുകളിലുണ്ടായിരുന്ന മനുഷ്യർ ഇന്ന് 18 പഞ്ചായത്തുകളിലായി 890 വാടക വീടുകളിൽ ആയാണ് ജീവിക്കുന്നത്. സാമ്പത്തിക സഹായവും വാടകയിനത്തിലേക്ക് പ്രഖ്യാപിച്ച തുകയും ലഭിക്കാത്തവരുണ്ട്. പരാതി പറയാതെ പരിഭവമില്ലാതെ എല്ലാവരും അതിജീവനത്തിലേക്കുള്ള പ്രയാണത്തിലാണ്.
രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴും പൂർണ പുനരധിവാസ ചർച്ചകൾ നടന്നു വരുന്നു എന്ന വിശദീകരണത്തിൽ ഒതുങ്ങുകയാണ് ഭരണകൂടം.. പുനരധിവാസത്തിന് ഭൂമി കണ്ടെത്തിയത് കൽപറ്റയിലെ എൽസൺ എസ്‌റ്റേറ്റിലും മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എൽ എസ്‌റ്റേറ്റിലുമാണ്. അനുയോജ്യ സ്ഥലമാണെങ്കിലും നടപടി ക്രമങ്ങളുടെ നൂലാമാലയിൽപ്പെട്ട് ഏറ്റെടുക്കൽ സങ്കീർണമാവുകയാണ്. നടപടി ഉടൻ ആരംഭിക്കുമെന്ന പതിവ് പ്രഖ്യാപനം മുറയ്ക്ക് വരുന്നുണ്ട് എങ്കിലും എല്ലാവരും ആശങ്കയിലാണ്.
Where are those 47?